വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) യാത്രികർ തങ്ങളുടെ ആരോഗ്യപരിപാലനവും ശാസ്ത്രീയ വൈദ്യപരിശോധനകളും എങ്ങനെയാണു നിർവഹിക്കുന്നതെന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. ഇപ്പോൾ, മലയാളക്കരയിൽ വേരുകളുള്ള നാസ ബഹിരാകാശയാത്രികൻ അനിൽ മേനോൻ ഐഎസ്എസിലെ വൈദ്യപരിശോധനകളെക്കുറിച്ചു പങ്കുവച്ച വീഡിയോയും വിവരണങ്ങളുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. അൾട്രാസൗണ്ട് സ്കാനിംഗിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സാങ്കേതികമായി വിശദീകരിച്ചത്.
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശ അന്തരീക്ഷത്തിൽ പൂർണമായും പരസ്പര സഹകരണത്തോടെയാണു വൈദ്യപരിശോധനകൾ പൂർത്തിയാക്കുന്നത്. ഐഎസ്എസിലുള്ള രണ്ടുപേർ ചേർന്നാണു പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. ഒരാൾ രോഗിയുടെ ശരീരത്തിൽ അൾട്രാസൗണ്ട് പ്രോബ് ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ രണ്ടാമത്തെയാൾ ഉപകരണത്തിന്റെ കൺട്രോൾ സിസ്റ്റങ്ങൾ നിയന്ത്രിക്കുകയാണു ചെയ്യുന്നത്.
ഭൂമിയിലുള്ള വിദഗ്ധ ഡോക്ടർമാരുടെ തത്സമയ സഹായത്തോടെയാണു പരിശോധന. വ്യക്തമായ സ്കാനിംഗ് ചിത്രങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഭൂമിയിലെ മെഡിക്കൽസംഘം ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം ലഭിക്കുന്ന ചിത്രങ്ങൾ ഉടൻ തന്നെ വിശകലനം ചെയ്യുകയും തുടർ പരിശോധനകൾ ആവശ്യമാണോ എന്ന് ഉടനടി തീരുമാനിക്കുകയും ചെയ്യുന്നു.
ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ മനുഷ്യശരീരത്തിലെ സാധാരണ രക്തയോട്ടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം. ഇതു സഞ്ചാരികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ഇത്തരം അൾട്രാസൗണ്ട് പരിശോധനകൾ വഴി ശരീരത്തിലെ മാറ്റങ്ങൾ കൃത്യമായി കണ്ടെത്താൻ സാധിക്കും. ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള ദൈർഘ്യമേറിയ ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ യാത്രികരുടെ ആരോഗ്യം നിലനിർത്താൻ ഇത്തരം പരീക്ഷണങ്ങളും സാങ്കേതികവിദ്യകളും നിർണായകമാണ്.